Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ആശ്വാസമായി. കാരണം കൊറോണവൈറസിന്റെ പൊട്ടിപ്പുറപ്പെടലിനെ തുടര്‍ന്നുണ്ടായ കാലം വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലമായ ഒരു മേഖലയാണ് മാധ്യമരംഗം, വിശേഷിച്ചും പത്രങ്ങള്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ ഉദാന സമീപനത്തോട് കൂടി പത്രങ്ങളുടെ മിക്കവാറും എല്ലാ പേജുകളിലും ധാരാളം പരസ്യങ്ങള്‍ കൊടുത്തു തുടങ്ങിയിരിക്കുന്നു. മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തികശേഷിയെ ഇത് കാര്യമായി സഹായിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ഈ പരസ്യങ്ങള്‍ എത്രമാത്രം വോട്ടിനെ സ്വാധീനിക്കും എന്നത് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മാത്രമെ മനസ്സിലാക്കാന്‍ കഴിയൂ.

ഇതുവരെയുള്ള നമ്മുടെ തിരഞ്ഞെടുപ്പ് ചരിത്രം സൂചിപ്പിക്കുന്നത് ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന്റെ സമയമാകുമ്പോള്‍ വാരിക്കോരി പരസ്യങ്ങള്‍ നല്‍കുന്നത് പതിവാണ്. എന്നാല്‍ അത്തരം പരസ്യങ്ങള്‍ കൊടുത്ത അവസരത്തിലൊക്കെ വളരെ വിരളമായി മാത്രമെ അത്തരം സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്നിട്ടുള്ളൂ എന്നതും വസ്തുതയാണ്. പൊതുഖജനാവില്‍ നിന്ന് പോകുന്നതാണെങ്കിലും മാധ്യമസ്ഥാപനങ്ങളുടെ വരുമാനത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാവുന്നു എന്നത് ആശാവഹം തന്നെയാണ്.