Skip to main content

വളരെ സ്വാഗതാര്‍ഹമായ ഒരു നടപടിയാണ് വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്, വാതില്‍പ്പടിയില്‍ വൈദ്യുതി ബോര്‍ഡ്(സര്‍വീസ് അറ്റ് ഡോര്‍സ്‌റ്റെപ്പ്). ഇത് വൈദ്യുതി ബോര്‍ഡിന്റെ നടപടിയാണെങ്കിലും ഇത് സൂചിപ്പിക്കുന്നത് രാജ്യവും സംസ്ഥാനവും മനസ്സിലാക്കേണ്ട ഒരു രാഷ്ട്രീയ തീരുമാനമാണ്. രാഷ്ട്രീയം എന്ന യഥാര്‍ത്ഥ അര്‍ത്ഥത്തില്‍വെച്ച് നോക്കുമ്പോള്‍ ഇതാണ് രാഷ്ട്രീയമായി മാറേണ്ടത്. ഏതെങ്കിലും മുന്നണികളുടെയോ വ്യക്തികളുടെയോ പാര്‍ട്ടികളുടെയോ വിജയത്തിന് വേണ്ടി കുതന്ത്രങ്ങള്‍ പയറ്റി മുന്നേറുന്നതാണ് രാഷ്ട്രീയമെന്ന പൊതുധാരണ സമൂഹമനസ്സിലും നേതൃത്വത്തിലും അണികളിലും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ആദര്‍ശധീരന്മാരായ പല നേതാക്കന്മാരും ഇതില്‍ രാഷ്ട്രീയം കാണരുത് എന്ന് പലപ്പോഴും പറയുന്നത്. തങ്ങള്‍ തന്നെ പല കാര്യങ്ങളും രാഷ്ട്രീയത്തിന് വേണ്ടി മാത്രം ചെയ്യുന്നു എന്ന പൊതുബോധത്തില്‍ നിന്നാണ് ഇത്തരം പ്രസ്ഥാവനകള്‍ വരുന്നത്. എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെ  നടപടി എങ്ങനെ രാഷ്ട്രീയമാവുന്നു എന്നതാണ് നോക്കേണ്ടത്.  

നൂതനമായ സാങ്കേതികവിദ്യയുടെ ഉപയോഗം സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഉതകുന്നിടത്താണ് അതിന്റെ ഗുണം. ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെയാണ് രാഷ്ട്രീയമായി കാണേണ്ടത്. അല്ലാതെ ചെളിവാരി എറിയുകയും പരസ്പര മോശപ്പെടുത്തുന്നതുമല്ല രാഷ്ട്രീയം. അത്തരത്തിലുള്ള നീക്കത്തെ രാഷ്ട്രീയത്തിലെ അശ്ലീലമായി മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂ. ആ സാഹചര്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയനടപടിയാണ് വൈദ്യുതിബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. 1912 എന്ന നമ്പറില്‍ വിളിച്ച് കഴിഞ്ഞാല്‍ വൈദ്യുതി കണക്ഷന്‍ അനായാസമായി കിട്ടുന്നു. ഉടന്‍ തന്നെ ഉപഭോക്താവിന് ഒരു ഡോക്കറ്റ് നമ്പര്‍ നല്‍കുന്നു. തുടര്‍ന്ന് സ്ഥലപരിശോധന നടത്തി മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നു. ഫീസ് ഓണ്‍ലൈന്‍ ആയി അടയ്ക്കാം. സേവനം ഉറപ്പാക്കുന്നത് വരെ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കും. ഇതില്‍പ്പരം അനുകൂല സാഹചര്യം വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് ഉപഭോക്താവിന് ആവശ്യമില്ല. നിലവിലുള്ള സാഹചര്യത്തില്‍ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് ഒരു വ്യക്തി നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതുണ്ട്. പലപ്പോഴും നല്ല ഒരു തുക കൈക്കൂലിയായി കൊടുക്കേണ്ടി വരുന്നു എന്നതും വസ്തുതയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ വൈദ്യുതി ബോര്‍ഡില്‍ നിന്ന് എന്ത് സേവനങ്ങള്‍ക്കാണെങ്കിലും കൈക്കൂലി പരോക്ഷമായി നല്‍കാതെ ലഭിക്കില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. 

സിംഗിള്‍ ഫേസ് കണക്ഷന്‍ ത്രീ ഫേസ് കണക്ഷന്‍ ആക്കുന്നതിന് വേണ്ടി കേരളത്തിലെ ഏത് വൈദ്യുതി ബോര്‍ഡ് ഓഫീസിലേക്ക് കയറി ചെന്നാലും അവര്‍ ചിലപ്പോള്‍ മാര്‍ഗരേഖ വിശദമാക്കിയതിന് ശേഷം പല ഉദ്യോഗസ്ഥന്മാരും പറയുന്നത് അടുത്തുള്ള ഏജന്‍സിയെ സമീപിച്ചാല്‍ ആവശ്യം പെട്ടെന്ന് നിറവേറ്റുമെന്നാണ്. മിക്കവാറും കെ.എസ്.ഇ.ബി ഓഫീസുകളുടെ സമീപത്തും ഇത്തരത്തിലുള്ള ഏജന്‍സികള്‍ ഉണ്ടെന്നത് 100 ശതമാനം ഉറപ്പാണ്. അവിടെ നമ്മുടെ ആവശ്യം പറയുമ്പോള്‍ 500 രൂപ അടയ്‌ക്കേണ്ടിടത്ത് അവര്‍ ആവശ്യപ്പെടുന്നത് കുറഞ്ഞത് 2000 രൂപയായിരിക്കും. ഇത്തരത്തിലുള്ള അഴിമതിയും ബുദ്ധിമുട്ടും കാലതാമസവും വാതില്‍പ്പടിയില്‍ വൈദ്യുതി ബോര്‍ഡ് എന്ന സംവിധാനത്തിലൂടെ ഇല്ലാതാവുകയാണ്. ഈ സംവിധാനം കേരളത്തില്‍ വ്യാപകമാവുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു വലിയ അഴിമതിയുടെ ചരിത്രം വിസ്മൃതിയിലാകും എന്നതില്‍ സംശയമില്ല.

സാങ്കേതിക വിദ്യ സര്‍ഗാത്മകമായും ക്രിയാത്മകമായും ഉപയോഗിക്കുകയാണെങ്കില്‍ സാധാരണ മനുഷ്യരുടെ പല ബുദ്ധിമുട്ടുകളും അതിവിദഗ്ദമായി പരിഹരിച്ച് മുന്നേറാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. സാങ്കേതികവിദ്യ പരമാവധി നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ അഴിമതിയും ഇല്ലാതെയാക്കാന്‍ സാധിക്കും. സാങ്കേതികവിദ്യ സുതാര്യതയുടേത് കൂടെയാണ് എന്നതാണ് ഇതിന്റെ കാരണം. 

കണക്ഷന്‍ കൊടുക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വരില്ലെ എന്ന ചോദ്യവും ചിലപ്പോള്‍ ഉയര്‍ന്നേക്കാം. കൈക്കൂലി കൊടുക്കേണ്ടി വരില്ല എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തില്‍ അതും ഒഴിവാക്കാനുള്ള പല സംവിധാനങ്ങളും നിലവിലുണ്ട് എന്നത് മറക്കരുത്. സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നുള്ളതാണ് ഈ നടപടിയിലെ ഏറ്റവും വലിയ രാഷ്ട്രീയമാനം.

പുതിയ കണക്ഷന്‍, കണക്ഷന്റെ ഉടമസ്ഥാവകാശമാറ്റം, ലോഡ്, താരിഫ് എന്നിവയുടെ മാറ്റം, വൈദ്യുതലൈനും മീറ്ററും മാറ്റല്‍ തുടങ്ങിയവയ്ക്ക് ഉപഭോക്താവ് ഇനി ഫോണില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മതി. ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് വാതില്‍പ്പടി സേവനം ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനകരമാവുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.