Skip to main content

കൊവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ രാജ്യം വാക്‌സിനേഷനിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തും വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. 

എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

വാക്‌സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍കോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകള്‍ ജില്ലയില്‍ വിതരണം ചെയ്തു. 

ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ 3 മുറികളാണുണ്ടാകുക. വാക്സിനേഷനായി 5 വാക്സിനേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകും. വാക്സിന്‍ എടുക്കാന്‍ വെയിറ്റിംഗ് റൂമില്‍ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥന്‍ ഐഡന്റിറ്റി കാര്‍ഡ് വെരിഫിക്കേഷന്‍ നടത്തും. പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ കോ വിന്‍ ആപ്ലിക്കേഷന്‍ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്മെന്റ്, ഒബ്സര്‍വേഷന്‍ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നതാണ്. വാക്സിനേറ്റര്‍ ഓഫീസറാണ് വാക്സിനേഷന്‍ എടുക്കുന്നത്.

ഓരോ ആള്‍ക്കും 0.5 എം.എല്‍. കൊവീഷീല്‍ഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ

ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്സിന്‍ നല്‍കുക. ലോഞ്ചിംഗ് ദിവസം ഉദ്ഘാടനം മുതലാണ് വാക്സിന്‍ തുടങ്ങുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കും.

വാക്സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്സര്‍വേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്ക്കരണം നല്‍കും. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉടന്‍ ലഭിക്കുന്ന ബാക്കി വാക്സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും ബാക്കിയുള്ളത് വിതരണം ചെയ്യുന്നത്.