Skip to main content

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹര്‍ജി നല്‍കിയത്. എഫ്.സി.ആര്‍.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ വാദം.

കേസില്‍ കക്ഷി ചേരാനുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉദ്യോഗസ്ഥ തലത്തില്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നു.സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതില്‍ ഭാഗഭാക്കായിട്ടുണ്ട് എന്നീ കാര്യങ്ങള്‍ കോടതി ചൂണ്ടിക്കാണിച്ചു.