Skip to main content

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ പ്രമേയത്തിനെതിരെ ചര്‍ച്ചയില്‍ സംസാരിച്ചുവെങ്കിലും വോട്ടെടുപ്പിന്റെ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.