Skip to main content

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അംഗീകരിക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍  കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി.  കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കര്‍ഷകര്‍ക്കെതിരായ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണം. താങ്ങുവില വളരെ പ്രാധാന്യമുള്ളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മണിക്കൂര്‍ ആണ് സഭാസമ്മേളനം.