Skip to main content

ജനിതക മാറ്റം വന്ന കൊവിഡ് വൈറസ്ബാധ ഇന്ത്യയില്‍ 6 പേര്‍ക്ക് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

കേരളത്തില്‍ നിന്നുള്ള കൊവിഡ് വൈറസ് സാമ്പിളുകളില്‍ ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. കരുതലും ജാഗ്രതയും തുടരണമെന്നും ആരോഗ്യ മന്ത്രി കണ്ണൂരില്‍ പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും ആളുകള്‍ അത് പാലിക്കുന്നില്ല എന്നത് വസ്തുതയാണ്. കൊവിഡിനെ നിസ്സാരവല്‍ക്കരിച്ചു കൊണ്ടുള്ള സമീപനം നല്ലതിനല്ല എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇത്തരം പക്വതയില്ലാത്ത രീതിയിലുള്ള സമീപനം തുടര്‍ന്നാല്‍ അത് വളരെ വലിയ വിപത്തിലേക്കായിരിക്കും നയിക്കുക. അതിനാല്‍ തന്നെ ജാഗ്രതയും കരുതലും തുടരേണ്ടതുണ്ട്. ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വലിയ ആപത്തിലേക്കായിരിക്കും നയിക്കുന്നത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. സ്‌ക്കൂളുകളും കോളേജുകളും തുറക്കാന്‍ പോകുകയാണ്. ഈ ഒരു ഘട്ടത്തില്‍ നാം കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്. കൊവിഡിനെതിരെ പോരാടേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നുള്ളത് മറക്കാതെ ഇരിക്കുക.

കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.