Skip to main content

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി തടയാനുള്ള ശ്രമത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കം സര്‍ക്കാര്‍ ഏറ്റെടുക്കും. വീട് വെച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും വേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ സംരംക്ഷണം ഏറ്റെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവം ഉണ്ടായ സാഹചര്യവും, പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യം അന്വേഷിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്.പിക്കാണ് അന്വേഷണ ചുമതല.

അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.