Skip to main content

ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മില്‍ നിന്ന്. പത്തനംതിട്ടയിലെ 21 വയസുകാരി രേഷ്മ മറിയം റോയ് ഇനി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി, ഏറ്റവും പ്രായം കുറഞ്ഞ മെമ്പര്‍ എന്നീ പദവികള്‍ക്കൊപ്പം അരുവാപുലം പഞ്ചായത്ത് പ്രസിഡന്റായി നാളെ പാര്‍ട്ടി പ്രഖ്യാപിക്കുന്നതോടെ ഇനി മുതല്‍ തദ്ദേശസ്ഥാപനങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും രേഷ്മക്ക് സ്വന്തം.

അരുവാപുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥിയായാണ് രേഷ്മ മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ രേഷ്മ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. ഇതിന് പിന്നാലെ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

കോന്നി വി.എന്‍.എസ് കോളജിലെ എസ്.എഫ്.ഐ അംഗമായിരുന്നു രേഷ്മ. നിലവില്‍ എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐയുടെ ഡിസ്ട്രിക്ട് കമ്മിറ്റി അംഗവുമാണ് രേഷ്മ. തടികച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരന്‍ റോബിന്‍ മാത്യു റോയ്.