Skip to main content

എല്‍.ഡി.എഫ്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. 2021 ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്‍ഷനുകള്‍ നൂറു രൂപ വീതം വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഡിസംബര്‍ ഒന്‍പതിനാണ് ഒന്നാം 100 ദിന പരിപാടി അവസാനിച്ചത്. രണ്ടാംഘട്ട 100 ദിനപരിപാടി ഡിസംബര്‍ ഒന്‍പതിന് തന്നെ ആരംഭിക്കുകയാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ടാണ് ആ പെരുമാറ്റ ചട്ടം കഴിഞ്ഞശേഷം ഇത് പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. അതോടൊപ്പം 5,700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കും. 83 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുളള കിറ്റ് വിതരണം തുടരും. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാലു മാസം കൂടി വിതരണം ചെയ്യും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31-ന് മുമ്പ് നടത്തും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും. അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്‍പാദനം ആരംഭിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.

ഒന്നാം ഘട്ടത്തില്‍ 162 പരിപാടികള്‍ പൂര്‍ത്തീകരിച്ചു. പ്രഖ്യാപിക്കാത്ത പദ്ധതികളും നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്ന പദ്ധതികള്‍ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യും.