Skip to main content

സിസ്റ്റര്‍ അഭയയുടെ മരണം നടന്ന് 28 കൊല്ലവും 9 മാസങ്ങള്‍ക്കും ശേഷം പ്രതികളെ കുറ്റക്കാരായി വിധിച്ചു കൊണ്ടുള്ള വിധി തിരുവനന്തപുരം സി.ബി.ഐ കോടതി പുറപ്പെടുവിച്ചു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നിയമ പോരാട്ടമാണ് ഇന്ന് വിധിയില്‍ എത്തി നില്‍ക്കുന്നത്. എന്നാല്‍ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് തെളിയിയ്ക്കാന്‍ സഹായിച്ചത് അടയ്ക്കാ രാജുവിന്റെ സാക്ഷി മൊഴിയാണ്.

സംഭവം നടന്ന അന്ന് രാത്രി അടയ്ക്കാ രാജു കന്യാസ്ത്രീ മഠത്തിലെത്തിയത് ചെമ്പുകമ്പി ചുരുളുകള്‍ മോഷ്ടിക്കാന്‍ ആയിരുന്നു. അവിടെ വെച്ച് ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയലിനെയും മഠത്തില്‍ കണ്ടുവെന്നാണ് രാജു നല്‍കിയ മൊഴി. 

അദ്ദേഹത്തിന് ആദ്യമുണ്ടായ വെല്ലുവിളി എന്ന് പറയുന്നത് പ്രലോഭനങ്ങളെ നേരിടുക എന്നുള്ളതായിരുന്നു. കുറ്റം ഏറ്റാല്‍ കോടിക്കണക്കിന് പണവും ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ മര്‍ദനം ഏല്‍ക്കേണ്ടിയും വന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്ന് എഴുതി തള്ളി. അതിന് ശേഷം സി.ബി.ഐ മൂന്ന് തവണ കേസ് ആത്മഹത്യയാണെന്ന് പറഞ്ഞ് എഴുതി തള്ളാന്‍ ശ്രമിച്ചു.  

വിധി വരാന്‍ എന്തുകൊണ്ടാണ് 28 കൊല്ലം എടുത്തു എന്ന് ചോദിച്ചാല്‍ കേസ് തമസ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് എന്ന് നിസംശയം പറയാന്‍ സാധിക്കും. സഭാ നേതൃത്വത്തിന് രാഷ്ട്രീയ നേതൃത്വത്തിലും സര്‍ക്കാരുകളിലും അന്വേഷണ ഏജന്‍സികളിലും എല്ലാം ഉണ്ടായിരുന്ന സ്വാധീനത്തിന്റെ ഭാഗമായിട്ടാണ് ഈ കേസ് തമസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായത്. 

അന്ന് വളരെ കോളിളക്കം സംഭവിച്ച കാര്യമാണ് കേസ് അന്വേഷിച്ച വര്‍ഗീസ് പി തോമസ് 7 വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെ രാജിവെച്ചത്. അദ്ദേഹത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുകയും അദ്ദേഹം വഴങ്ങാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് വര്‍ഗീസ് പി തോമസ് രാജിവെച്ചത്. ഇത്രയധികം സ്വാധീനം ഉണ്ടായിരുന്നിട്ടും അടയ്ക്കാ രാജുവിന്റെ മൊഴിയിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജു ഈ സംഭവത്തോടെ മോഷണം നിര്‍ത്തി. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ ധാര്‍മ്മികതയും സഭാ നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ധാര്‍മ്മികതയും വലിയ ഒരു ചോദ്യ ചിഹ്നമായി മാറുന്നു.