Skip to main content

കെ.കെ മഹേശന്റെ ആത്മഹത്യയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് മാരാരിക്കുളം പോലീസ്. ഇക്കാര്യം പോലീസ് ആലപ്പുഴ സി.ജെ.എം കോടതിയെ അറിയിച്ചു. ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവില്‍ കേസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തടസം ഉണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

കഴിഞ്ഞ ദിവസം കെ.കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി,സഹായി അശോകന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ സാങ്കേതിക പ്രശ്നമുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

2020 ജൂണ്‍ 24 ബുധനാഴ്ചയാണ് കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ കെ.കെ മഹേശനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ മഹേശന്റെ കുടുംബം വെള്ളാപ്പള്ളിക്കെതിരെ രംഗത്ത് വന്നിരുന്നു.