Skip to main content

സിസ്റ്റര്‍ അഭയക്കേസില്‍ അല്‍പസമയത്തിനകം വിധി പ്രസ്താവിക്കും തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് 28 വര്‍ഷത്തിന് ശേഷം കേസില്‍ വിധി പ്രസ്താവിക്കുന്നത്. കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കോടതിയില്‍ എത്തി.

1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയ മരിച്ചത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. 

1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി.

2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താല്‍ രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെവിട്ടു.

കേസില്‍ 49 സാക്ഷികളെ വിസ്തരിച്ചു. പത്തോളംപേര്‍ വിചാരണയ്ക്കിടെ മൊഴിമാറ്റി. മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയശേഷം പിന്‍മാറിയ സഞ്ജു പി. മാത്യുവിനെതിരേ സി.ബി.ഐ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.