Skip to main content

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്‍, സഹായി കെ.എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ആത്മഹത്യാപ്രേരണകുറ്റം ചുമത്താതെ പോലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ചാണ് മഹേശന്റെ കുടുംബം കോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

വെള്ളാപ്പള്ളി, കെ.എല്‍ അശോകന്‍, തുഷാര്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. മാരാരിക്കുളം പോലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കേണ്ടത്. നിലവില്‍ അസ്വാഭാവിക മരണം മാത്രമായാണ് മാരാരിക്കുളം പോലീസ് കേസെടുത്തത്. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് മഹേശന്റെ കുടുംബം പലതവണ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

2020 ജൂണ്‍ 20 നാണ് കെ.കെ മഹേശനെ കണിച്ചുകുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബം വെള്ളാപ്പള്ളിക്കും തുഷാറിനും കെ.എല്‍ അശോകനുമെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്.