മാധ്യമപ്രവര്ത്തകന് എസ്.വി.പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയ്യെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഈഞ്ചയ്ക്കലില്‍ നിന്നാണ് ലോറി കണ്ടെത്തിയതെന്നാണ് വിവരം. ഫോര്‍ട്ട് എ.സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറി കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിലാണ് എസ്.വി.പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ടിപ്പര്‍ ലോറിയാണ് ഇടിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പടെ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു.
ഭയം കാരണമാണ് നിര്‍ത്താതെ പോയത്. അപകടസമയത്ത് ലോറി ഉടമയായ മോഹനനും ഒപ്പമുണ്ടായിരുന്നു. അപകടത്തിന് ശേഷം വെള്ളായണിയിലെത്തി ലോഡ് ഇറക്കിയെന്നും അവിടെനിന്ന് തൃക്കണ്ണാപുരം വഴി പേരൂര്‍ക്കടയിലെത്തിയെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. ഇതിനുപിന്നാലെ ലോറി ഈഞ്ചയ്ക്കലിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും ലോറി ഉടമ മോഹനനെ വിളിപ്പിക്കുമെന്നും പോലീസ് പറഞ്ഞു.