Skip to main content

പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കാന്‍ സിബിഐ സംഘം പെരിയയിലെത്തി.  കൊലപാതകം നടന്ന സ്ഥലത്ത് എത്തിയ സി.ബി.ഐ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം പുനരാവിഷ്‌കരിച്ചു. വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ളവയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. യുവാക്കളെ മുഖം മൂടി ധരിപ്പിച്ച് രംഗത്തിറക്കിയാണ് അക്രമം സി.ബി.ഐ പുനരാവിഷ്‌കരിക്കുന്നത്. കൊലപാതകം നടന്ന  കൂരങ്കര റോഡിലാണ് സംഭവം പുനരാവിഷ്‌കരിക്കുന്നത്. 

സംഭവത്തിലെ ദൃക്‌സാക്ഷികളെ ഉള്‍പ്പെടെ സിബിഐ വിളിച്ചുവരുത്തിയിട്ടുണ്ട്. കൃപേഷും ശരത് ലാലും വെട്ടേറ്റ് വീണ് കിടക്കുന്നത് കണ്ടത് ജീപ്പിലെത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരായിരുന്നു. ഈ ജീപ്പില്‍ കയറ്റിയാണ് ശരത് ലാലിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഈ ജീപ്പും സി.ബി.ഐ സംഘം സ്ഥലത്തെത്തിച്ചിട്ടുണ്ട്. ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളോട് സിബിഐ സംഘം സംസാരിച്ചിരുന്നു. 

2019 ഫെബ്രുവരി 17നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് നിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ ഒളിച്ചിരുന്ന സംഘം ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.