Skip to main content

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി കലണ്ടര്‍ പുറത്തിറക്കിയതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍. കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. തൃശൂര്‍ രൂപതയാണ് 2021 വര്‍ഷത്തെ കലണ്ടറില്‍ രൂപത ബിഷപ്പിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. ഫ്രാങ്കോയുടെ ജന്‍മദിനം അടയാളപ്പെടുത്തുന്നതിനായിരുന്നു അത്. 

ബലാത്സംഗ കേസില്‍ അറസ്റ്റിലായ വ്യക്തിയെ സഭ സംരക്ഷിക്കുകയും വെള്ളപൂശുകയും ചെയ്യുന്നുവെന്നതിലാണ് വിശ്വാസികളുടെ അമര്‍ഷം. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ ബിഷപ്പ് ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. കന്യാസ്ത്രീ പീഡകനായ ഫ്രാങ്കോയുടെ ചിത്രം വെച്ചാണ് കലണ്ടര്‍ ഇറക്കിയത്.

കത്തോലിക്കാ സഭയെ അപമാനിക്കലാണത്. 2018 ല്‍ ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ചേര്‍ത്തു. അതില്‍ ക്രൈസ്തവ ജനതയ്ക്ക് വേദനയും അമര്‍ഷവുമുണ്ട്. സഭാനേതൃത്വം ഇത്തരം നടപടികള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നതിന്റെ സൂചനയാണിതെന്നും കത്തോലിക്കാ വിമോചന സമിതി പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ തടവില്‍ കഴിഞ്ഞ വ്യക്തിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഇപ്പോള്‍ ബിഷപ്പ് ജാമ്യത്തിലാണെങ്കിലും കേസ് കോടതിയുടെ പരിഗണനയിലാണ്.