Skip to main content

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ രക്ഷപ്പെട്ടാലും വേണ്ടില്ല സര്‍ക്കാര്‍ പദ്ധതികള്‍ തകര്‍ക്കലായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റു ചെയ്തവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അന്വേഷണ ഏജന്‍സികളെ കുറിച്ച് ആദ്യഘട്ടത്തില്‍ എതിര്‍പ്പുണ്ടായില്ലെന്നും എന്നാല്‍ അന്വേഷണം മുന്നോട്ട് പോയപ്പോഴാണ് ലക്ഷ്യം വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ആരോപണങ്ങളുടെ ഘോഷയാത്രയ്ക്ക് മുന്‍പേ നടക്കുന്നവരായി കേന്ദ്രഏജന്‍സികളുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മാറുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നാലരവര്‍ഷമായി അഴിമതിയുടെ കറുത്ത പാടു പോലും സംസ്ഥാന സര്‍ക്കാരിനെ കുറിച്ച് ഉന്നയിക്കാനായില്ല. ഇവര്‍ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറി നീക്കം നടക്കുന്നുണ്ട്. കോടികള്‍ നല്‍കി ഭരണം അട്ടിമറിക്കുമ്പോള്‍ അന്വേഷണമില്ല. 

കേന്ദ്ര ഏജന്‍സികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകളുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ ഇ.ഡി വേട്ടയാടി. അഹമ്മദ് പട്ടേല്‍ മുതല്‍ ചിദംബരം വരെ വേട്ടയാടിയവരുടെ പട്ടികയിലുണ്ട്. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, റോബേര്‍ട്ട് വാദ്ര എന്നിങ്ങനെ പ്രതിപക്ഷ നേതാക്കളെല്ലാം കേന്ദ്ര ഏജന്‍സികളാല്‍ മുറിവേറ്റവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാര്‍ ബി.ജെ.പിയില്‍ എത്തിയാല്‍ കേസില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.