Skip to main content

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡി.ഐ.ജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡി.ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും.

അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡി.ഐ.ജി സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. ജയിലിലെ സന്ദര്‍ശക രജിസ്റ്ററും പരിശോധിച്ചു. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ ഡി.ഐ.ജിയുടെ പ്രാഥമിക വിവരശേഖരണത്തില്‍ ആരോപണങ്ങള്‍ സ്വപ്ന നിഷേധിച്ചെന്നാണ് സൂചന.

സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ജയില്‍ വകുപ്പ് അന്വേഷണം നടത്തിയത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ നേരത്തെ ബോധിപ്പിച്ചത്. ആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.