Skip to main content

നടിയെ ആക്രമിച്ച കേസില്‍ തടസ്സ ഹര്‍ജിയുമായി ദിലീപ് സുപ്രീംകോടതിയില്‍. വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ എതിര്‍ത്താണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകണമെന്ന് കാണിച്ച് ദിലീപ് തടസ ഹര്‍ജി ഫയല്‍ ചെയ്തു. യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി മാറ്റാന്‍ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റേണ്ടതില്ല എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റുന്നതിന് പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി നടപടി. ഇതിന് പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.

അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിന്റെ തടസ്സ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായേക്കും. 

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് കോടതി അടയ്ക്കുന്ന ഡിസംബര്‍ 18 ന് മുമ്പ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.