Skip to main content

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

ബുറേവി ചുഴലിക്കാറ്റ് നിലവില്‍ ശ്രീലങ്കന്‍ തീരത്തുനിന്ന് 470 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്ററും അകലെയാണ്. ഇതോടെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും.