Skip to main content

പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നടപടി. സംസ്ഥാന സര്‍ക്കാരിന്റേത് നിലനില്‍ക്കുന്ന ഹര്‍ജി അല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു മണിക്കൂര്‍ നീണ്ടു നിന്നവാദത്തിന് ശേഷം ആണ് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. സംസ്ഥാന സര്‍ക്കാരിന്റെ വാദത്തോട് യോജിക്കാന്‍ കഴിയുന്നില്ല എന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു ഹര്‍ജി തള്ളി കൊണ്ട് വ്യക്തമാക്കി.

ഇത്തരം ഒരു ഹര്‍ജി വേണമായിരുന്നോ എന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ നിലപാടില്‍ സംശയമുണ്ട്. കേസ് ഫയലുകള്‍ നല്‍കുന്നതടക്കം അന്വേഷണത്തില്‍ ഒരു തടസവും സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ്, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, അഭിഭാഷകന്‍ എം. ആര്‍ രമേശ് ബാബു എന്നിവരും ഹാജരായി.