Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം കൂടുമോ എന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വോട്ട് ചോദിച്ചിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഏത് പാര്‍ട്ടിക്കാരായാലും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.  

'രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട് ആശുപത്രികള്‍ അടക്കം സജ്ജമാക്കുന്നുണ്ട്. പക്ഷെ പ്രായമായവര്‍ക്ക് രോഗം വന്നാലാണ് ബുദ്ധിമുട്ടാകുക. അവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ പാടുപെട്ടാണ് കേരളം മരണ നിരക്ക് കുറച്ച് നിര്‍ത്തിയത്. നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കില്‍ ഇവിടെ അമേരിക്കയൊക്കെ ആവര്‍ത്തിക്കും- ആരോഗ്യമന്ത്രിയുടെ വാക്കുകള്‍.

സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഓരോ വ്യക്തിയും ഒരു സെല്‍ഫ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം. ഓരോ വ്യക്തിയും ആ ശീലം ആര്‍ജിച്ചാല്‍ കൊവിഡിനെ മാറ്റിനിര്‍ത്താന്‍ നമുക്ക് സാധിക്കും. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടമാകുമെന്നും കെ.കെ.ഷൈലജ ടീച്ചര്‍ പറഞ്ഞു.