Skip to main content

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1969 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, തൃശൂര്‍ 8, കോഴിക്കോട് 6, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,75,320 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,478 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.