Skip to main content

സി.എ.ജി. റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ നിഗമനങ്ങളാണ് പ്രശ്നമെന്നും ധനമന്ത്രി തോമസ് ഐസക്ക്. സി.എ.ജി.യുടെ വാദമുഖങ്ങള്‍ എന്തൊക്കെയാണ്, അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കും എന്നതാണ് പ്രശ്നം. സി.എ.ജി ഒരുഘട്ടത്തിലും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. അതുകൊണ്ടാണ് കരട് റിപ്പോര്‍ട്ട് എന്ന് കരുതിയതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ എങ്ങനെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. നേരത്തെ കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞത് ഉത്തമബോധ്യത്തോടെയാണ്. നേരത്തെ കണ്ട കരട് റിപ്പോര്‍ട്ടില്‍നിന്ന് വ്യത്യസ്തമാണ് അന്തിമ റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടില്‍ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. വായ്പയേ പാടില്ലെന്ന് സമര്‍ഥിച്ച നാല് പേജ് കരട് റിപ്പോര്‍ട്ടില്‍ ഇല്ല. ഇത് ഡല്‍ഹിയില്‍നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. എത്ര വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരേ നടക്കുന്നതെന്ന് ആലോചിച്ചുനോക്കണം.

സംസ്ഥാനത്തിന്റെ വികസന നയങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ നാല് പേജുകളില്‍ പറയുന്നത്. സിഎജി നിഗമനങ്ങളോട് പ്രതിപക്ഷം യോജിക്കുന്നുണ്ടോ എന്ന് പറയണം. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

മസാല ബോണ്ട് വിവാദത്തിലും മന്ത്രി പ്രതികരിച്ചു. മസാല ബോണ്ടിന് ആര്‍ബിഐയുടെ അനുമതിയുണ്ട്. ഇതില്‍ ഭരണഘടനാ ലംഘനമില്ല. വായ്പയെടുത്തത് സര്‍ക്കാര്‍ അല്ലാത്തതിനാല്‍ കേന്ദ്രാനുമതി ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.