സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ 26-ാം തിയതിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എറണാകുളം ജില്ലാ ജയിലിലേക്കാണ് അദ്ദേഹത്ത മാറ്റുക. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഈ മാസം 17 ന് വിധിപറയും.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖംമൂടി മാത്രമാണെന്നും പിന്നില്‍ ശിവശങ്കറാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു. ലോക്കറില്‍ സൂക്ഷിച്ച പണം ശിവശങ്കറിന്റേത് കൂടിയാണ്. ആ പണം തന്റെ ഇഷ്ടത്തിനനുസരിച്ച് ചെലവഴിക്കാനാണ് ശിവശങ്കര്‍ ശ്രമിച്ചതെന്നും ഇ.ഡി കോടതിയില്‍ വിശദീകരിച്ചു. സ്വര്‍ണക്കടത്തിനുള്ള എല്ലാ ഒത്താശയും ശിവശങ്കര്‍ ചെയ്തുവെന്നാണ് ഇ.ഡി വാദം.
ഇതിന് ആധാരമായ തെളിവുകളെന്ന് ചൂണ്ടിക്കാട്ടി ഇരുവരും തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും സ്വപ്നയുടെ മൊഴിയും മുദ്രവെച്ച കവറില്‍ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നാമതൊരു ലോക്കര്‍ കൂടി തുറക്കാന്‍ സ്വപ്നയെ ശിവശങ്കര്‍ നിര്‍ബന്ധിച്ചെന്നും ഇ.ഡി അവകാശപ്പെടുന്നുണ്ട്. കിട്ടുന്ന പണം എവിടെ നിക്ഷേപിക്കണമെന്നടക്കം സ്വപ്നയോട് നിര്‍ദേശിച്ചു.നയതന്ത്ര ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെനും ഇ.ഡി കോടതിയില്‍ പറഞ്ഞു.