Skip to main content

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ സി.ബി.ഐ. നുണ പരിശോധനയില്‍ പുതിയ വിവരങ്ങള്‍ കണ്ടെത്താനായില്ല. വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കളളമാണെന്ന് തെളിഞ്ഞു. കലാഭവന്‍ സോബിയുടെ മൊഴികളും കള്ളമാണെന്ന് നുണപരിശോധനയില്‍ കണ്ടെത്തി. അപകടത്തിന് മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴി കളവാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ അപകട സ്ഥലത്ത് കണ്ടെന്നതും വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തി.

ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. കലാഭവന്‍ സോബിയെ രണ്ടുതവണയും മറ്റുളളവരെ ഒരു തവണയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ്. അതിനാല്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലുണ്ടോ എന്നാണ് സി.ബി.ഐ.അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.

2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജംഗ്ഷന് സമീപമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറും മകളും മരണപ്പെടുകയായിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.