Skip to main content

സംസ്ഥാനത്ത് സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക. സി.ബി.ഐക്ക് നേരത്തെ അനുമതിയില്ലാതെ കേസെടുക്കാനുള്ള പൊതുസമ്മതം സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരുന്നു. ആ അനുമതി പത്രമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

സി.ബി.ഐക്ക് നല്‍കിയ പൊതു സമ്മതം പിന്‍വലിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെയും ഹൈക്കോടതി നിര്‍ദേശമില്ലാതെയും കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതി പ്രകാരം സി.ബി.ഐ അന്വേഷണം തുടങ്ങുകയും, ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.

2017-ലാണ് സി.ബി.ഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്. നിലവിലെ അന്വേഷണത്തെ ഇത് ബാധിക്കില്ല. ഭാവിയിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമോ, ഹൈക്കോടതി നിര്‍ദേശ പ്രകാരമോ സി.ബി.ഐ അന്വേഷണം നടത്താം.