Skip to main content

വയനാട് മീന്‍മുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു. വേല്‍മുരുകന്‍ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് തേനി പെരിയകുളം സ്വദേശിയാണ്. 32 വയസായിരുന്നു. ചിത്രം പുറത്തുവിട്ടത് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ്. മധുര കോടതിയില്‍ അഭിഭാഷകനാണ് ഇദ്ദേഹത്തിന്റെ സഹോദരനെന്നും ക്യൂ ബ്രാഞ്ച് പുറത്തുവിട്ട വിവരങ്ങളിലുണ്ട്.

കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു. റവന്യൂ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തിയത്.

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്.ഐ.ആര്‍ പുറത്തുവന്നു. ആത്മരക്ഷാര്‍ത്ഥം തണ്ടര്‍ബോള്‍ട്ട് തിരികെ വെടിയുതിര്‍ത്തുവെന്നും സംഘത്തില്‍ ഉണ്ടായിരുന്നത് അഞ്ചില്‍ അധികം പേരാണെന്നും എഫ്ഐആറില്‍ പറയുന്നു. മരിച്ചയാളുടെ പക്കലുണ്ടായിരുന്നത് .303 റൈഫിളാണെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.