വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ നിര്‍മ്മാണക്കരാറിനായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് കമ്മീഷന് തുകയ്ക്ക് പുറമെ വാങ്ങിനല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് ലഭിച്ചത് എം.ശിവശങ്കറിന്. താന്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ശിവശങ്കര്‍ എഴുതി നല്കിയ വിവരത്തിലൂടെയാണ് യൂണിടാക് നല്കിയ ഫോണാണ് ഇതിലൊന്നെന്ന് വ്യക്തമായത്.
ഉപയോഗിക്കുന്ന രണ്ടു ഫോണുകളുടെ ഐഎംഇഐ നമ്പറുകളാണ് ശിവശങ്കര്‍ ഇ.ഡിക്ക് നല്‍കിയത്. അതിലൊരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ യൂണിടാക്ക് കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ വിവരത്തിലുമുണ്ട്. ഒരു ലക്ഷത്തോളം രൂപയാണ് ഫോണിന്റെ വില.
ലൈഫ് മിഷന് കരാര്‍ ഉറപ്പാക്കുന്നതിനായി പണത്തിന് പുറമേ 5 ഐഫോണുകള്‍ സ്വപ്നയ്ക്ക് കോഴയായി സന്തോഷ് ഈപ്പന് നല്‍കിയിരുന്നു. ഇതില്‍ ഒരു ഫോണ്‍ ലഭിച്ചത് ശിവശങ്കറിനാണെന്ന് വ്യക്തമാക്കുന്ന തെളിവാണ് പുറത്തുവന്നിരിക്കുന്നത്. ശിവശങ്കര്‍ പതിവായി ഉപയോഗിച്ചിരുന്നത് ഈ ഫോണാണെന്ന് കോടതി രേഖകളില്‍ വ്യക്തമാണ്.