Skip to main content

നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയില്‍ പരാമര്‍ശം. ഇതിനായി എം ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. അറസ്റ്റ് മെമ്മോയുടെ പകര്‍പ്പ് പുറത്തുവന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.

അഞ്ച് പേജുള്ള അറസ്റ്റ് ഓര്‍ഡറില്‍ പത്തൊന്‍പത് പോയിന്റുകളാണ് ഉള്ളത്. ഒക്ടോബര്‍ 15ന് നല്‍കിയ മൊഴിയില്‍ താന്‍ കസ്റ്റംസിനെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചുവെന്നാണ് അറസ്റ്റ് മെമ്മോയില്‍ കാണുന്നത്. ഇതിന് മുമ്പ് സമാനമായ രീതിയില്‍ 21 തവണ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോ വിട്ട് നല്‍കാനും ശിവശങ്കര്‍ തന്റെ അധികാരം ഉപയോഗിച്ച് ഇടപെട്ടിരിക്കാം എന്ന് ഇഡി അനുമാനിക്കുന്നു. ഈ ബാഗേജുകളില്‍ സ്വര്‍ണ്ണമായിരുന്നിരിക്കാം. പക്ഷേ പരിശോധന നടത്താത്തിനാല്‍ ആര്‍ക്കും ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടില്‍ ശിവശങ്കര്‍ താല്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതില്‍ സംശയം ഉണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. അതേസമയം, ശിവശങ്കര്‍ ഏത് കസ്റ്റംസ് ഓഫീസറെയാണ് വിളിച്ചതെന്ന് അറസ്റ്റ് റിപ്പോര്‍ട്ടില്‍ ഇല്ല. ഏത് നമ്പറില്‍ നിന്നാണ് വിളിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്‌ററഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം. ശിവശങ്കറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്.