Skip to main content

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മൊഴി നല്‍കിയെന്നും തെളിവുകള്‍ ഹാജരാക്കിയെന്നും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിനായി ഹാജരായത്. 

പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്നാണ് കേസ്. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇടപാട്. പിന്നീട് ഈ പണം ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്.