Skip to main content

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന് പ്രസ്താവിക്കുമെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് 28 വരെ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തന്നെ അറസ്റ്റുചെയ്യാന്‍ നീക്കം നടത്തുന്നുവെന്നു കാട്ടിയാണ് ശിവശങ്കര്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജികള്‍ നല്‍കിയത്. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയില്‍ മുഖ്യ പങ്കാളിയാണ് ശിവശങ്കര്‍. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് അധികൃതരെ ശിവശങ്കര്‍ വിളിച്ചിട്ടുണ്ടെന്നും ഇ.ഡി. പറഞ്ഞു. കേസുകള്‍ ശിവശങ്കറിന്റെ ജീവിതം തകര്‍ത്തെന്നും സമൂഹത്തില്‍  വെറുക്കപ്പെട്ടവനായെന്നും ഹോട്ടലില്‍ പോലും മുറി കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കസ്റ്റംസിനു വേണ്ടി രാം കുമാറും ശിവശങ്കറിനു വേണ്ടി അഡ്വ. വിജയഭാനുവുമാണ് ഹാജരായത്.