Skip to main content

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥ സംഭവിച്ചെന്ന ആരോപണങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജൂനിയര്‍ ഡോക്ടര്‍ നജ്മ സലീം. തനിക്ക് ദുരുദ്ദേശമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും പൂര്‍ണബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും നജ്മ സലീം പറഞ്ഞു. ഇതിന്റെ പേരില്‍ എന്ത് നടപടി ഉണ്ടായാലും അതിനെ ഭയക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 

മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതന്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഡോ. നജ്മ സലീം വെളിപ്പെടുത്തിയ കാര്യങ്ങള്‍ വിവാദമായിരുന്നു. ആശുപത്രിയില്‍ മുന്‍പും അനാസ്ഥകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ട് നടപടിയുണ്ടായില്ലെന്നും ഓഡിയോ സന്ദേശം പുറത്തുവന്നതിന്റെ പേരില്‍ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത നടപടി ശരിയായില്ലെന്നും നജ്മ പറഞ്ഞിരുന്നു.

മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ഹാരിസ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.