Skip to main content

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫേപോസ നിയമം ചുമത്തി. നിരന്തരം സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടത്തുന്ന പ്രത്യേക നിയമമാണ് കോഫേപോസ. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ അതില്‍ നിന്ന് തടയാന്‍ വിചാരണ കൂടാതെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. ആഭ്യന്തര സെക്രട്ടറിയാണ് സ്വപ്‌നയ്ക്കും സന്ദീപിനുമെതിരെ കോഫേപോസ ചുമത്താന്‍ അനുമതി നല്‍കിയത്. 

ഇതേ തുടര്‍ന്ന് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനായി കൊച്ചി യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലിലെത്തി. സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങുന്ന കസ്റ്റംസ് ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 

അതേസമയം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് 7 മണിക്കൂര്‍ പിന്നിട്ടു. 
കോണ്‍സുലേറ്റു വഴി ഈന്തപ്പഴം വിതരണം ചെയ്തത് സംബന്ധിച്ച മെഴിയെടുക്കാന്‍ കൊച്ചിയില്‍ എത്തണം എന്നാണ് നോട്ടീസ് നല്‍കിയിരുന്നതെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ശിവശങ്കറോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പടുകയായിരുന്നു.