മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയതായി മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പ് ചുമതല ഇ.ടി മുഹമ്മദ് ബഷീറിനെയും ഏല്‍പ്പിച്ചു.
ഉപതിരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണ്ണ ചുമതലയാണ് മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഭരണം പിടിക്കാന്‍ മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
വരാന്‍ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.