സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാരേയും കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ച് കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് എടുത്ത് നല്‍കിയതായി അരുണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്വര്‍ണം പിടികൂടിയ ജൂലൈ അഞ്ചാം തിയതി അനില്‍ രണ്ട് തവണ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചു എന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.