Skip to main content

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തം ആസൂത്രിതമെന്ന് ആരോപിച്ച് സംസ്ഥാനമൊട്ടാകെ വിവിധ സംഘടനകളുടെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി, യുവമോര്‍ച്ച, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പലയിടങ്ങളിലും പോലീസും പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

തിരുവനന്തപുരത്ത് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചിലേക്ക് പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധക്കാര്‍ പോലിസ് നിരത്തിയ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ കളക്ടറേറ്റിലേക്ക് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി അഴീക്കോട് മണ്ഡലം പ്രസിഡന്റ് രതീഷിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂരിലും കൊച്ചിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മകായി ഫയലുകള്‍ കത്തിച്ചാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.

കൊല്ലത്ത് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ നേരിയ സംഘര്‍ഷമുണ്ടായി. കോഴിക്കോട് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയില്‍ പ്രതിഷേധവുമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും എത്തിയെങ്കിലും പോലീസ് ഇവരെ അറസറ്റ് ചെയ്ത് നീക്കി. കാസര്‍കോട് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. കല്‍പ്പറ്റയിലും പ്രതിഷേധം നടക്കുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.