Skip to main content

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  അതില്‍ 174 പേരുടെ സമ്പര്‍ക്ക് ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. 10 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 244 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

മലപ്പുറം 454, തിരുവനന്തപുരം 391, കോഴിക്കോട് 260, തൃശ്ശൂര്‍ 227, ആലപ്പുഴ 170, എറണാകുളം 163, പാലക്കാട് 152, കണ്ണൂര്‍ 150, കാസര്‍കോട് 99, പത്തനംതിട്ട 93, കൊല്ലം 87, കോട്ടയം 86, വയനാട് 37, ഇടുക്കി 6 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ അഞ്ച്, പത്തനംതിട്ട ജില്ലയിലെ മൂന്ന്, തൃശൂര്‍ ജില്ലയിലെ രണ്ട്, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 

21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,794 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,66,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,010 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1834 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.