Skip to main content

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. സ്വപ്‌നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്.

സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കറിനെ കസ്റ്റംസും എന്‍ഐഎയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

ശിവശങ്കറിന് സ്വപ്നയുടെ വ്യക്തിത്വം സംബന്ധിച്ച് കൂടുതല്‍ ധാരണയുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നത്. എന്‍ഫോഴ്സ്മെന്റിന്റെ അപേക്ഷയില്‍ സ്വപ്നയടക്കമുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 17 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. 

സ്വപ്നയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ പ്രതികളെ പീഡിപ്പിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.