Skip to main content

മൂന്നാറിലെ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. 83 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് വിവരം. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഏറെ പ്രതികൂലമായ കാലവസ്ഥയാണ് മേഖലയില്‍. കനത്ത മഞ്ഞും, മഴയും പ്രദേശത്ത് തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്.  ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പ്രദേശത്തേക്ക് എന്‍.ഡി.ആര്‍.എഫ്. സംഘം പുറപ്പെട്ടിട്ടുണ്ട്.