Skip to main content

രോഗലക്ഷണങ്ങള്‍ ഇല്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വീട്ടിലെ നിരീക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശമായി. നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കിയതിന് ശേഷം നിരീക്ഷണത്തില്‍ പോകാം. 

നിരീക്ഷണത്തില്‍ പോകുന്നവര്‍ ശുചിമുറി ഉള്ള റൂമില്‍ തന്നെ കഴിയണം. ആരോഗ്യ വിവരങ്ങള്‍ അപ്പപ്പോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇവരെ ഫോണ്‍ വഴിയും വീഡിയോ കോള്‍ വഴിയും ദിവസവും ബന്ധപ്പെടുകയും മെഡിക്കല്‍ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. 

പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കി അത് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. കുടുംബത്തിലെ ആരോഗ്യമുള്ള ഒരാള്‍ രോഗിയുടെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. രോഗിയുടെ ആരോഗ്യനില വഷളാവുകയാണെങ്കില്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. മറ്റ് ഏതെങ്കിലും അസുഖമുള്ളവര്‍ കുടുംബത്തില്‍ ഉണ്ടെങ്കില്‍ അവരുടെ ആരോഗ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സംഘം വിലയിരുത്തണം.

കൊവിഡ് ബാധിതനായ ആള്‍ക്ക് 10-ാം ദിവസം ആന്റിജന്‍ പരിശോധന നടത്തും. നെഗറ്റീവ് ആയാലും 7 ദിവസം കൂടി വിശ്രമിക്കണം.