Skip to main content
Kochi

 abi death

 

മിമിക്രി താരം അബി അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 56 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അബി. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. മിമിക്രി എന്ന കല ജനകീയമാക്കുന്നതില്‍  അബി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ചലചിത്ര താരങ്ങളുടെ അനുകരണത്തിലൂടെയാണ് അബി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. അമിതാഭ് ബച്ചനായിരുന്നു അബിയുടെ മാസ്റ്റര്‍ പീസ്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ കാസറ്റുകളും സ്‌റ്റേജ് ഷോകളും. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. പ്രമുഖ സിനിമ താരമായ ഷെയ്ന്‍ നിഗം മകനാണ്.

 

അബിയുടെ മരണവാര്‍ത്ത ചലിചിത്ര ലോകം ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് അബി. നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ എന്നിവരുമായി അടുത്ത ബന്ധമാണ് അബിയ്ക്കുണ്ടായിരുന്നത്. കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗരിക എന്നീ മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് അബി അറിയപ്പെട്ടത്.

 

'നയം വ്യക്തമാക്കുന്നു' ആയിരുന്നു ആദ്യ സിനിമ. അമ്പതിലേറെ സിനിമകളില്‍ അബി അഭിനയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളില്‍ നായക വേഷവും കൈകാര്യം ചെയ്തു.

 

സിനിമയില്‍ തുടക്കം വളരെ നല്ലതായിരുന്നെങ്കിലും പിന്നീട് കൂടുതല്‍ വേഷങ്ങള്‍ അബിയെ തേടിയെത്തിയില്ല. വേഷങ്ങള്‍ക്ക് വേണ്ടി ആരുടെയും പുറകെ നടക്കാന്‍ അബിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. വലിയ ഇടവേളക്കു ശേഷം  'ഹാപ്പി വെഡ്ഡിങ്ങ്' എന്ന ചിത്രത്തിലൂടെയാണ് അബി തിരിച്ചു വരവ് നടത്തിയത്. ആ സിനിമയില്‍ 'ഹാപ്പി' എന്ന പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് അബി ചെയ്തത്. അതൊരു ചെറിയ വേഷമായിരുന്നെങ്കില്‍ പോലും പ്രേക്ഷകര്‍ക്കിടയില്‍ നല്ല അഭിപ്രായമാണ് ഉണ്ടാക്കിയത്.