Skip to main content
Thiruvananthapuram

saritha-s-nair

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ പൊതു അന്വേഷണം മാത്രമാണ് ഉണ്ടാവുക. ഏതൊക്കെ കേസുകളില്‍ അന്വേഷണം വേണമെന്ന് എടുത്തു പറയില്ല. റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പൊതു അന്വേഷണം എന്ന നിലപാടിലേക്ക് എത്തിയത്. സരിത നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന് പരാതിയില്‍ പാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുകയുള്ളൂ.

 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടര്‍ അന്വേഷണം നടത്താല്‍ കഴിഞ്ഞ മാസം 11ന് ചേര്‍ന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.കോന്നി, പെരുമ്പാവൂര്‍ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ക്രിമിനല്‍ കേസും സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമുള്ള വിജിലന്‍സ് കേസ് പ്രത്യേകമായി എടുക്കാനുമായിരുന്നു തീരുമാനം. സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് പരാതിയില്‍ കത്തില്‍ പേരുള്ളവര്‍ക്കെതിരെയെല്ലാം കേസെടുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പ്രത്യേകം കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു.

 

പിന്നീട് അന്വേഷണ ഉത്തരവിറങ്ങുന്ന ഘട്ടത്തിലാണ് നിയമപരമായ ചില പഴുതുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അരിജിത്ത് പസായത്തില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമപരമായി എല്ലാ പഴുതുകളും അടച്ച് അടച്ച് മുന്നോട്ട് പോകാനുള്ള നടപടിയായിട്ടാണ് സര്‍ക്കാരിന്റെ ഈ തീരുമാനത്തെ വിലയിരുത്തുന്നത്.

 

Tags