Skip to main content
Thiruvananthapuram

sivarajan-pinarayi

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനായി  പ്രത്യേക സമ്മേളനം നവംബര്‍ 9 തിന്‌ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഇതു സംബന്ധിച്ച് മന്ത്രിസഭയുടെ ശുപാര്‍ശക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കാനാണ് തീരുമാനം.റിപ്പോര്‍ട്ട് ആറ് മാസത്തിനകം നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും എന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെ തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

 

ആരോപണം നേരിടുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് റിപ്പോര്‍ട്ട് തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി  പിണറായി വിജയേനേയും അദ്ദേഹം സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. റിപ്പോര്‍ട്ട് ആരോപണ വിധേയര്‍ക്ക് നല്‍കണമെന്ന് നിയമമില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പരസ്യമായി പറയുകയും ചെയ്തു.

 

റിപ്പോര്‍ട്ട് നല്‍കാതിരിക്കുന്നതിലൂടെ പുകമറ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചാല്‍ മാത്രമേ പുറത്തുവിടാനാവുകയൊള്ളൂ എങ്കില്‍ അതിന് പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, വി.ഡി സതീശന്‍ എം.എല്‍.എയും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

 

ഒരു ദിസത്തേക്കാണ് സഭചേരുക, അന്ന് ചോദ്യോത്തരവേളയോ മറ്റ് പതിവ് നടപടിക്രമങ്ങളോ ഉണ്ടാകില്ല. തുടരന്വേഷണം നടത്തുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അരിജിത് പസായത്തില്‍ നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം  തേടുക.

 

 

Tags