Skip to main content

ഒരുരാജ്യവുമായും യുദ്ധത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്.  ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഷി ജിന്‍ പിങ്ങിന്റെ പ്രസ്താവന. യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്. കോവിഡ് വ്യാപനത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ചൈനീസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതിനോടും അദ്ദേഹം പ്രതികരിച്ചു.

ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും ഷീ ജിന്‍ പിങ് പറയുന്നു. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. 

വൈറസിനെതിരെ ഒന്നിച്ച് നേരിടണമെന്നും ശാസ്ത്രീയ മാര്‍ഗത്തിലൂടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സംയുക്തമായ പ്രതികരണമാണ് വേണ്ടതെന്നും പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തണമെന്നും ഷീ ജിന്‍പിങ് ആവശ്യപ്പെട്ടു.