Skip to main content

കൊറോണവൈറസ് പ്രഭവകേന്ദ്രമായ വുഹാനിലെ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനവാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579ല്‍ നിന്ന് 3869 ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 1290 മരണങ്ങളാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പതിനായിരത്തിലധികം മരണങ്ങളാണ് പല രാജ്യങ്ങളിലും രേഖപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംബന്ധിച്ച കണക്കുകള്‍ സംശയത്തിന് ഇടയാക്കിയിരുന്നു. നേരത്തെ പല കാരണങ്ങള്‍ കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കണക്കാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. 

കൊറോണ സ്ഥിരീകരിച്ച കേസുകളിലും 325 പേരുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചവര്‍ 83,428 ആയാണ് വര്‍ദ്ധിച്ചത്. ചൈനയില്‍ 77,000ത്തിലധികം ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം നിലവില്‍ 116 വൈറസ്ബാധിതരാണ് ചൈനയിലുള്ളത്.

ട്രംപ് അടക്കം പല ലോകനേതാക്കളും ചൈനയിലെ മരണസംഖ്യയിലും കൊറോണവൈറസ് ബാധിതരുടെ എണ്ണത്തിലെ കണക്കുകളിലും സംശയം രേഖപ്പെടുത്തിയിരുന്നു.