നാടകപശ്ചാത്തലത്തിലൊരു സിനിമ. അതും ബെന്നി പി. നായരമ്പലത്തിന്റെ രചന. എത്രയോ കാലമായി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻമാർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു പരിചയമുള്ള മാർത്താണ്ടന്റെ സംവിധാനവും. ക്ലീറ്റസിനെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയും. ഇത്രയുമാണ് ഈ സിനിമയിലേക്ക് ആകർഷിച്ച ഘടകങ്ങൾ.
ബെന്നി എത്രയോ കാലം പ്രൊഫഷണൽ നാടകരംഗത്ത് നാടകം എഴുതിയും അവതരിപ്പിച്ചും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചും നടന്നവനാണ്. ചാന്തുപൊട്ടിന്റെ നാടകരൂപത്തിൽ ചാന്തുപൊട്ടായിരുന്നതും സാക്ഷാൽ ബെന്നിയാണ്. അതുകൊണ്ട് തന്നെ നാടക പശ്ചാത്തലത്തിലൊരു സിനിമ എഴുതാൻ ബെന്നിയേക്കാൾ പറ്റിയൊരാൾ വേറെയുണ്ടാവില്ല. നാടകത്തിന്റെ ആ അന്തരീക്ഷവും നാടകത്തിനപ്പുറം ജീവിതത്തിലെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ സംഭവ പരമ്പരകളിലൂടെയും സിനിമ കൊണ്ടുപോകാൻ ബെന്നിക്കു കഴിഞ്ഞിട്ടുണ്ട്. മാർത്താണ്ടന്റെ സംവിധാന പരിചയവും മമ്മൂട്ടിയെ പോലെ അനായാസമായി കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരാളെയും കിട്ടിയതോടെ അതു സംഭവിച്ചു- വിജയം. അതാണല്ലോ വേണ്ടതും.
ക്ലീറ്റസിനെ വളരെ നാടകീയമായി തന്നെയാണ് അവതരിപ്പിക്കുന്നത്. ഒരു ബൈബിൾ നാടകത്തിൽ യേശുവിനെ അവതരിപ്പിക്കാൻ പറ്റിയ നടനെ തേടി നടന്ന പള്ളീലച്ചന്റെ മുന്നിൽ കടലിൽ നിന്നെഴുന്നേറ്റ് നടന്നു വരുന്നവനെ പോലെ അയാൾ വന്നു. അയാൾക്ക് ചുറ്റും ദുരൂഹതയുടെ ഒരു വലയമുണ്ടായിരുന്നു. കഥ പുരോഗമിക്കുമ്പോൾ അത് മെല്ലെ വെളിപ്പെട്ടു വരുന്നു. കഥ വിസ്തരിച്ചാൽ കാണുവർക്ക് രസം നഷ്ടപ്പടേണ്ടി വരുമെന്നതിനാൽ ആ സാഹസത്തിന് മുതിരുന്നില്ല.
പക്ഷെ നായകന്റെ ഒരു ചെയ്ത്തിന് അൽപ്പം കൂടി യുക്തിഭദ്രതയാവാമെന്നു തോന്നി. കൈലാഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ വെട്ടി പരിക്കേൽപ്പിക്കുകയും നായികയെ ബലാത്കാരം ചെയ്യുകയും ചെയ്യുന്നിടത്ത് അതിലേക്ക് വളരാനുള്ള കുറച്ചു സന്ദർഭങ്ങളുടെ കുറവ് പ്രേക്ഷകന് അനുഭവപ്പെടും.
നായകൻ ക്രിമിനലാണ്, പശ്ചാത്താപവും ഏറ്റുപറച്ചിലുകളും കുമ്പസാരവും അവനെ ശുദ്ധീകരിക്കും. പുതിയ മനുഷ്യനാക്കും. ബൈബിളിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു കഥ മെനെഞ്ഞെടുത്തതിൽ ബെന്നിയുടെ മിടുക്കിനെ അഭിനന്ദിക്കാം. രൂപഭാവങ്ങളിലൂടെ ക്ലീറ്റസിനെ പൂർണമായി ഉൾക്കൊണ്ട് അവതരിപ്പിച്ച മമ്മൂട്ടിയുടെയും. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം മമ്മൂട്ടിയുടെയും ബെന്നിയുടെയും സ്വന്തം ക്ലീറ്റസ് ആവുന്നത്.