Skip to main content

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... അടിവെച്ചു നീങ്ങുന്ന അച്ചക്കടമുള്ള ഒരു സംഘത്തിന്റെ ചിത്രം മനസിൽ തെളിയന്നുണ്ടാവും. എന്നാൽ ആ സംഘം ഒരു ചാണകക്കുഴിയിൽ വീണാൽ എന്താവും സ്ഥിതി. മുരളിഗോപിയുടെ രചനയിൽ അരുണ്‍ അരവിന്ദ് ഒരുക്കിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം കണ്ടപ്പോൾ ആദ്യം തോന്നിയത് അതാണ്.

 

ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായി പുലബന്ധമില്ലെന്ന മുൻകൂർ ജാമ്യം കണ്ടപ്പഴേ നിരീച്ചതാണ്, ഇത് അതുതന്നെ. പടം തുടങ്ങിയപ്പോള്‍ മനസിലായി മുന്നിൽ നിൽക്കുന്നത് പിണറായിയും വി.എസും ടി.പിയുമെല്ലാം തന്നെ.

*Spoiler Ahead*

വടക്കൻ കേരളത്തിലെ തില്ലങ്കേരിയിലെ ഒരു കൊലപാതകത്തിന്റെ ചിത്രം, കൈതേരി സഹദേവന്റെ വളർച്ചയുടെ ബീജാവാപമായിരുന്നു. ചെഗുവേര റോയിയെ സൃഷ്ടിച്ചതും ഒളിവിൽ കഴിയുന്ന സ്വന്തം അപ്പന്റെ കൊലപാതകമാണ്. അത് നേരിൽ കണ്ട് വളർന്ന അയാൾ, അവസാനനിമിഷം സംസാരിക്കുന്നത് എസ്.ആർ എന്ന നേതാവിനോടാണെന്നതും മറക്കാതിരിക്കുക. വട്ട് ജയൻ ഉണ്ടായത് കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ നിന്നാണ്. അവന്റെ വട്ട് മാറിയിട്ടില്ല. അതങ്ങനെ എളുപ്പം മാറുന്നതുമല്ല. ഈ മൂന്നുപേരുടെ കഥയിലൂടെയാണ് ചലച്ചിത്രം സഞ്ചരിക്കുന്നത്. അത് സമകാലിക കേരളത്തിന്റെ അവസ്ഥകളെയാണ് തുറന്നു കാട്ടുന്നത്.

 

കൈതേരി സഹദേവൻ മറ്റാരുമല്ല, നമ്മുടെ പിണറായി വിജയനാണ്. ചെഗുവേര റോയിയിൽ നിങ്ങൾക്ക് ടി.പിയെ കാണാം, സൈമണ്‍ ബ്രിട്ടോയെ കാണാം, ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ഒരുപാട് രക്തസാക്ഷികളെ കാണാം. വട്ട് ജയനിൽ കേരളത്തിലെ പോലീസുകാരെയും അഴിമതി ജീവിതവ്രതമാക്കിയവരേയുമെല്ലാം കാണാം.

 

കഥ വളരെ ചടുലമായാണ് നീങ്ങുന്നത്. ദൃശ്യങ്ങൾ ഒട്ടും അരോചകമല്ല, സംഭാഷണങ്ങൾ കേട്ടാൽ മനസിൽ തറയ്ക്കും. കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻമാരാകട്ടെ ഒന്നിനൊന്ന്‍ മെച്ചമായ പ്രകടനമാണ് കാണിക്കുന്നത്. പക്ഷെ അവസാനം കൊണ്ടിട്ട് കുടമുടച്ചു കളഞ്ഞു ഈ പ്രതിഭകൾ. ചെഗുവേര റോയിയെ വെട്ടി നശിപ്പിക്കുന്നത് എതിർ പാർട്ടിക്കുള്ളിൽ കടന്നു കയറിയ പാർട്ടിക്കാർ തന്നെയാണെന്നും അത് കൈതേരി പറഞ്ഞുവിട്ടവരാണെും കണ്ടെത്തുന്നിടത്ത് ഈ ചിത്രത്തിന്റെ രാഷ്ട്രീയ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന്‍ പാർട്ടി അനുഭാവികളല്ലാത്തവർക്കു പോലും തോന്നിപ്പോകും. അതായത് ബി.ജെ.പിക്കാരുടെ സഹായത്തോടെ പിണറായി വിജയൻ പാർട്ടിയിലെ തന്റെ എതിരാളിയെ വകവരുത്തുന്നു എന്ന ഭാവന അൽപ്പം കടന്നകൈ തന്നെയല്ലേ. അൽപ്പമാണോ, അതിൽകൂടുതലാണോ എന്നത് പടം കണ്ടു തീരുമാനിക്കുക.

 

എല്ലാ താരങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുമ്പോഴും കൈതേരി സഹദേവനായ ഹരീഷ് പേരടി, വട്ട് ജയനായ ഇന്ദ്രജിത്ത്, വട്ട് ജയന്റെ അമ്മയായ സേതുലക്ഷ്മി എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.

Tags