Skip to main content

അടുത്ത വര്‍ഷം ജി.ഡി.പി വളര്‍ച്ച 11 ശതമാനം ആകുമെന്ന് സാമ്പത്തിക സര്‍വെ തറപ്പിച്ച് പറയുന്നു. എന്നാല്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്ന ഇപ്പോഴത്തെ സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം ഇടിവാണ് ജി.ഡി.പി പ്രതീക്ഷിക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ കൊവിഡിനെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക രംഗം കൂപ്പുകുത്തി. ആംഗലേയ ഭാഷയിലെ വി ആകൃതിയില്‍ അത് കരകേറുമെന്നാണ് കേന്ദ്രത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഒരുപക്ഷെ ലോകരാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയും വലിയ ഒരു മാജിക് സാമ്പത്തിക രംഗത്ത് നടക്കാന്‍ പോകുന്നത്. ഡോ.മന്‍മോഹന്‍ സിങ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ 1991ല്‍ കൊണ്ടുവന്നപ്പോള്‍ മുതല്‍ കേന്ദ്രസര്‍ക്കാരുകള്‍ പങ്കുവെക്കുന്ന ഒരു സ്വപ്‌നമായിരുന്നു രണ്ടക്ക ജി.ഡി.പി വളര്‍ച്ച എന്നത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ സാമ്പത്തിക രംഗം കൂപ്പുകുത്തി കിടക്കുന്ന ഈ അവസ്ഥയില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് എങ്ങനെ അത് രണ്ടക്കം കടന്ന് 11 ശതമാനത്തിലേക്ക് മുന്നേറും എന്നത് വിസ്മയം ജനിപ്പിക്കുന്ന ഒരു മുന്നറിയിപ്പ് തന്നെയാണ്. അത് അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കാം.

എന്നാല്‍ അത് സാധാരണ യുക്തിക്ക് സ്വീകരിക്കാന്‍ വൈമുഖ്യം ഉണ്ടാവും. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയിലെ ഇന്ദ്രജാല വര്‍ഷമായി കാണേണ്ടി വരും. എന്തായാലും ഈ ഇന്ദ്രജാലം എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നുള്ളത് വളരെ സാകൂതം കണ്ടറിയേണ്ട ഒരു വസ്തുതയാണ്. കാര്‍ഷിക നിയമങ്ങള്‍ മാറ്റത്തിന് തുടക്കം കുറിക്കും എന്ന് പറയപ്പെടുന്നു. പക്ഷെ പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തോളം മരവിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായി എങ്കിലും സമരത്തിലുള്ള കര്‍ഷകരുടെ സംഘടനകള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് അതില്‍ തീരുമാനം ആയിട്ടില്ല. എന്നാല്‍ അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു കഴിഞ്ഞാല്‍ നിലവിലുള്ള ഘടനാപരമായ മാറ്റമില്ലാതെ ഏത് രീതിയിലായിരിക്കും സാമ്പത്തിക രംഗത്തെ ഇന്ദ്രജാലം സംഭവിക്കുക എന്നത് കൗതുകപൂര്‍വം വീക്ഷിക്കേണ്ടത് തന്നെയാണ്.